കാടും ഗ്രാമങ്ങളും തൊട്ടറിഞ്ഞ്, ത്രില്ലടിപ്പിക്കുന്ന ഒരു ബാവലി യാത്ര

തിരുനെല്ലിക്കാടുകള്‍ക്കരികിലൂടെ നീണ്ടു പോകുന്ന പാതയില്‍ കഴിഞ്ഞുപോയൊരു മഴക്കാലം പച്ചപ്പ് വരച്ചിരിക്കുന്നു. വെയില്‍ പടര്‍ന്ന് ഇടതൂര്‍ന്ന കാടുകളില്‍ നിന്നും തലനീട്ടി വളര്‍ന്ന വൃക്ഷ ശിഖരങ്ങള്‍ക്ക് താഴെ വഴിയാകെ തണല്‍. വയനാട് നിന്നും ഒരു ദിവസത്തേക്ക് ഒരു യാത്ര പോകാനുള്ള ഇഷ്ടങ്ങള്‍ ഈ റൂട്ടിലേക്കാണ് വഴികാണിച്ചത്. ഗൂഗിള്‍ മാപ്പിന്റെ സഹായമില്ലാത്ത ഈ യാത്രയാണ് അത്രയും ആസ്വാദ്യകരം. മാനന്തവാടി നിന്നും കാട്ടിക്കുളം ബാവലി വഴിയാണ് യാത്ര തീരുമാനിച്ചത്. കാട്ടിക്കുളം അങ്ങാടി കഴിഞ്ഞ ഉടന്‍ തന്നെ വനത്തിലേക്കാണ് പാത നീണ്ടു പോയത്. ഇനിയങ്ങോട്ട് ഇരുവശവും കാട് മാത്രമുള്ള കാഴ്ചകള്‍. ഒരേ സമയം മനസ്സിന് കുളിരും കൗതുകവും വന്യജീവികളുടെ സാമിപ്യം പ്രതീക്ഷിക്കുന്ന ആകാംക്ഷകളുടെ നിമിഷങ്ങള്‍. കാടിനൊരു കുളിരുണ്ട്. നഗരത്തിരക്കില്‍ നിന്നും വീര്‍പ്പുമുട്ടി വരുന്ന വരെ നിമിഷ നേരം കൊണ്ട് തണുപ്പിക്കാന്‍ കഴിയുന്ന അപാരത. ഒട്ടും ചോര്‍ന്നിട്ടില്ലാത്ത വയനാടന്‍ കുളിരനുഭവങ്ങളുടെ ഇന്നും ബാക്കിയായതില്‍ ചിലതാണ് ഈ കാടും പങ്കുവെക്കുന്നത്. കടുത്ത വേനലില്‍ പോലും ഇലപൊഴിക്കാതെ കലഹിച്ചു നിന്ന മരങ്ങള്‍ ധാരളമുള്ള കാടുകള്‍. ഈ കാടുകളാണ് വയനാടിന്റെ ഇനിയും മതിവരാത്ത കാഴ്ചകളിലേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോവുക. ഒരു വനയാത്രികന്‍ ആരായിരിക്കരുത് എന്നെല്ലാം ഓര്‍മ്മപ്പെടുത്തുന്ന സൂചക ബോര്‍ഡുകളെ പിന്നിട്ട് വലിയ വളവുകള്‍ക്കപ്പുറം കാട് തീരുന്നില്ല. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള വനനിരകളാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കാട്ടാനകളുടെ സങ്കേതമായ ഈ കാടുകള്‍ക്കരികില്‍ ഏതു സമയവും തലയാട്ടി നില്‍ക്കുന്ന കാട്ടാനകളെ പ്രതീക്ഷിക്കാം. മാനുകള്‍ യഥേഷ്ടം മേയുന്ന പാതയോരങ്ങള്‍ പതിറ്റാണ്ടുകളായി അഭ്യന്തര സഞ്ചാരികളുടെയും സഞ്ചാരമാര്‍ഗമാണ്. കടുവകളെയും ഇപ്പോള്‍ പ്രതീക്ഷിക്കണം. കടുവകള്‍ വംശവര്‍ദ്ധനവ് നടത്തുന്ന ഇന്ത്യയിലെ ബഫര്‍ സോണായി ഈ കാടിനെയും ഈ അടയാളപ്പെടുത്തിയിട്ടുണ്ട്. പാതയുടെ പഴക്കം ചോദിച്ചാല്‍ കൃത്യമായ ഉത്തരം ലഭിക്കണമെന്നില്ല. എങ്കിലും ടുപ്പുസുല്‍ത്താന്റെ പടയോട്ടവുമായി ഈ പാതയ്ക്ക് ബന്ധമുണ്ട്. ടിപ്പുവാണ് ഘോരവനങ്ങള്‍ കടന്ന് വയനാട്ടിലക്ക് ഇതുവഴി ഒരു സഞ്ചാര പാത തുറന്നത്. വയനാടിന്റെ വനാതിര്‍ത്തികള്‍ പിന്നിടുന്നതോടെ ബാവലി എന്ന വനഗ്രാമത്തിലേക്കാണ് വാതില്‍ തുറക്കുക. കൃത്യമായി പറഞ്ഞാല്‍ ബാവലി ഘോര വനങ്ങള്‍ക്കിടയിലെ ചെറു അങ്ങാടിയാണ്. വനത്തിനുളളിലൂടെ കിലോമീറ്ററുകള്‍ താണ്ടി വരുന്ന യാത്രികരുടെ ഇടത്താവളം. ടിപ്പുസുല്‍ത്താന്‍ പണിത ഒരു പാലവും അതിനോട് ചേര്‍ന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആല്‍മരവും അതിന് സമീപം ഒരു മുസ്ലീം പള്ളിയും. ഇതായിരുന്നു ബാവലിയുടെ മുമ്പ് കാലത്തെ കാഴ്ച. ഇപ്പോള്‍ അങ്ങാടി ആകെ മാറി. ഹോട്ടലുകളും പലചരക്ക് കടയും ചെക്ക് പോസ്റ്റും ഓട്ടോറിക്ഷ സ്റ്റാന്‍ഡുമെല്ലാം ഇവിടെയുണ്ട്. കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ ഈ ഗ്രാമം ഇപ്പോഴും തനിമകളെയെല്ലാം ചേര്‍ത്തു പിടിക്കുന്നുണ്ട്. ഇവിടെ ഈ ഗ്രാമത്തില്‍ അല്‍പ്പനേരം വിശ്രമിച്ചായിരിക്കും ഇതുവവഴി എത്തിപ്പെടുന്ന സഞ്ചാരികളുടെയെല്ലാം പോക്കു വരവുകള്‍. രണ്ടായി മുറിയുന്ന പാതകള്‍ രാത്രിയും പകലും രണ്ടായി മുറിയുന്ന ഈ പാത ബാവലിയെയും നേര്‍ പകുതിയാക്കി മാറ്റിക്കളഞ്ഞു. ദക്ഷിണേന്ത്യയില്‍ ആദ്യമായി രാത്രി യാത്ര നിരോധനം വന്ന അന്തഃസംസ്ഥാന പാതയാണിത്. ഗുണ്ടല്‍പേട്ട- മുത്തങ്ങ ദേശീയ പാതയില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നതെങ്കില്‍ ബാവലിയില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് വാഹനങ്ങള്‍ കടത്തിവിടുക. ആറുമണിക്ക് ശേഷം ഈ റൂട്ടിലൂടെ ഒരു വാഹനവും കര്‍ണ്ണാടകയിലേക്കും കേരളത്തിലേക്കും കടത്തിവിടില്ല. കര്‍ശനമാണ് ഈ നിയന്ത്രണം. ഈ നിയന്ത്രണങ്ങളാണ് ബാവലിയുടെ സ്വപ്നങ്ങളെയും രണ്ടായി പകുത്തു കളഞ്ഞത്. മാനന്തവാടി നിന്നും ഹാന്‍ഡ് പോസ്റ്റ് വഴി മൈസൂരിലേക്കുള്ള എളുപ്പവഴിയാണിത്. അതുകൊണ്ട് തന്നെ പകല്‍ സമയങ്ങളില്‍ ധാരാളം വാഹനങ്ങള്‍ ഇതു വഴി കടന്നുപോകുന്നു. എന്നാല്‍ മറ്റു റൂട്ടുകളെക്കാള്‍ താരതമ്യേന തിരക്ക് കുറഞ്ഞ പാതകൂടിയാണിത്. ഇതെല്ലാം ഇതു വഴിയുള്ള യാത്രകള്‍ക്ക് ഹരം പകരുന്നു. ബാവലിയിലെ ചരിത്ര പ്രസിദ്ധമായ പാലം കടന്നാല്‍ കര്‍ണ്ണാടകയിലേക്കുള്ള പ്രവേശന കവാടമായി. നാഗര്‍ഹോള കടുവ സങ്കേതത്തിന്റെ ഭാഗമായ രാജീവ് ഗാന്ധി ദേശീയ ഉദ്യാനമാണിത്. ഈ ഉദ്യാനത്തെ നെടുകെ മുറിച്ചു കൊണ്ടാണ് ബാവലി മൈസൂര്‍ അന്തര്‍ദേശീയ പാത നീണ്ടു പോകുന്നത്. വീതി കുറഞ്ഞതാണെങ്കിലും നൂലു പിടിച്ചതുപോലെ നീണ്ടു പോകുന്ന പാത കാടിനെ അടുത്തറിഞ്ഞു കൊണ്ടുള്ള യാത്രികര്‍ക്ക് പ്രീയപ്പെട്ടതാണ്. ബാവലി മുതല്‍ ഹാന്‍ഡ് പോസ്റ്റ് വരെ 46 കിലോമീറ്റര്‍ ദൂരമാണ് ഏറെ ആസ്വാദ്യകരം. ഈ യാത്രയില്‍ മുക്കാല്‍ഭാഗവും വനത്തിനുള്ളിലൂടെയാണ് യാത്ര ചെയ്യേണ്ടി വരിക. ഇടയ്ക്കിടെയുള്ള ഹമ്പുകളെ പിന്നിട്ട് കാട്ടിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടുള്ള ഈ യാത്ര ദക്ഷിണ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ ആവാസമുറപ്പിച്ച കാടുകള്‍ക്കിടയിലൂടെയാണ്. കാട്ടാനകള്‍ മാത്രമല്ല കടവുകള്‍ വരെയും മുന്നില്‍പ്പെട്ടേക്കാം. കാടെന്നെ കലവറയിലേക്കുള്ള ഓരോ നോട്ടവും ആകാംക്ഷകളും ഒരേ സമയം ഭീതിയും നിറഞ്ഞതാണ്. ചെക്ക് പോസ്റ്റില്‍ നിന്നും തുടക്കത്തില്‍ വാഹന നമ്പറും സമയവും രേഖപ്പെടുത്തിയ ഒരു സ്ലിപ്പ് ലഭിക്കും. വനം കഴിയുന്നിടത്ത് കാരാപ്പുറയിലെ ചെക്ക് പോസ്റ്റില്‍ ഈ സ്ലിപ്പ് തിരികെ ഏല്‍പ്പിക്കണം. കാടിനുള്ളിലൂടെ കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്നതിലുപരി കാട് പിന്നിടാന്‍ ഓരോ വാഹനങ്ങള്‍ക്കും നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയം പാലിച്ചിട്ടുണ്ടോയെന്നും ഇതിലൂടെ കര്‍ണ്ണാടക വനം വകുപ്പ് പരിശോധിക്കും. അത്രയധികം വനനിയമങ്ങള്‍ ഇവിടെ കര്‍ക്കശമാണ്. വാഹനം നിര്‍ത്താനോ വഴിയില്‍ ഇറങ്ങി വന്യമൃഗങ്ങളെ ഉപദ്രവിക്കാനോ പാടില്ല. വാഹനങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ മാത്രം. ബാവലി ചെക്ക് പോസ്റ്റ് കഴിഞ്ഞ് വാഹനം നീങ്ങുമ്പോള്‍ റോഡില്‍ വളരെയധികം തിരക്ക് കുറവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് ഈയടുത്താണ് മൊത്തം ടാറിങ്ങ് നടത്തി നവീകരിച്ചത്. അന്തഃസംസ്ഥാന പാതയായിട്ടും ഒരു ബസ്സിന് കടന്നുപോകാന്‍ കഴിയുന്ന കഷ്ടി വീതി മാത്രമാണ് പാതയ്ക്കുള്ളത്. ഒരു നേര്‍രേഖ പോലെ നീണ്ടു പോകുന്ന പാതയില്‍ വാഹനങ്ങള്‍ അമിത വേഗതയെടുക്കാതിരിക്കാന്‍ മുട്ടിന് മുട്ടിന് ഹമ്പുകളുണ്ട്. വന്യ ജീവികളെ കാണാന്‍ കൊതിച്ചിരിക്കുന്ന സഞ്ചാരികള്‍ക്ക് ഈ വേഗതക്കുറവ് ആസ്വാദ്യകരമാണ്. വേനലായതിനാല്‍ ഇരുവശത്തെ കാടുകളും ഇല പൊഴിച്ചു തുടങ്ങിയിട്ടുണ്ട്. കാട്ടുതീ പ്രതിരോധത്തിന്റെ ഒരുക്കങ്ങളെല്ലാം അവിടെയും ഇവിടെയുമായി കാണാം. മരക്കൂട്ടങ്ങള്‍ക്കിടയില്‍ ശേഷിക്കുന്ന പച്ച പുല്‍നാമ്പുകള്‍ തേടി മാന്‍കൂട്ടങ്ങള്‍ ധാരാളമായെത്തുന്നുണ്ട്. നീണ്ടു പോകുന്ന യാത്രയില്‍ ഒറ്റയായും കൂട്ടമായും കാട്ടാനകളുണ്ട്. ചിലത് റോഡ് മുറിച്ചു കടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നു. കാടിന് പൊള്ളാന്‍ തുടങ്ങിയതോടെ തീറ്റ തേടി അലയുന്ന വന്യമൃഗങ്ങള്‍ വാഹനങ്ങള്‍ കാണുമ്പോഴേക്കും പ്രകോപിതരാവും. ഇവയെ ശല്യപ്പെടുത്തുന്നത് തടയാന്‍ പ്രത്യേക പട്രോളിങ്ങും വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെള്ളയിലെ കൊമ്പന്‍മാര്‍ മതിവരാത്ത കാഴ്ചകളില്‍ കാടെന്ന ലോകം പരന്നു കിടക്കുമ്പോള്‍ പ്രതീക്ഷകള്‍ അനന്തമാണ്. ഏകദേശം പാതി ദൂരം കാടിനെ പിന്നിട്ടപ്പോള്‍ ബെള്ള ആന ക്യാമ്പായി. റോഡരികില്‍ ആനകള്‍ക്കായുള്ള തമ്പാണിത്. മൈസൂര്‍ രാജവംശക്കാലത്ത് പോലും രാജാക്കന്‍മാര്‍ വേട്ടെയ്‌ക്കെത്തിയ സ്ഥലമാണിത്. ഒരു കാലത്ത് പ്രൗഢിയില്‍ തലയെടുപ്പോടെ നിന്നതായിരുന്നു ഇവിടുത്തെ താപ്പാനകള്‍. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താനും മറ്റും ഈ കുങ്കിയാനകളെയാണ് നിയോഗിക്കുക. കാടിനുള്ളിലെ കൊലകൊമ്പന്മാരെ വിരട്ടാനുള്ള എല്ലാ തന്ത്രവും ചട്ടപ്പടി പഠിപ്പിക്കാന്‍ ഇവിടെ പാപ്പാന്മാരുടെ കുടുംബങ്ങളുമുണ്ട്. തലമുറകളായി പാപ്പാന്‍ ജോലി ജീവിതവൃത്തിയായി സ്വീകരിച്ചവരാണിവര്‍. ഇവര്‍ക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ ആന സങ്കേതത്തിനരികില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. മൈസൂര്‍ ദസറയില്‍ തിടമ്പേറ്റുന്നതിന് ഇവിടെ നിന്നും ആനകളെ എത്തിക്കാറുണ്ട്. തലയെടുപ്പുള്ള കൊമ്പന്‍മാര്‍ക്ക് പേരു കേട്ടതുമാണ് ബെള്ള ആന സങ്കേതം. മുമ്പൊക്കെ എല്ലാ ദിവസവും വൈകീട്ട് നാലോടെ ഈ ആന സങ്കേതത്തിലെ ആനകള്‍ക്കെല്ലാം മുത്താറിയും റാഗിയും നല്‍കുന്നത് പതിവായിരുന്നു. ഇതു കാണാന്‍ പന്തിക്ക് ചുറ്റും ഇതു വഴി പോകുന്ന സഞ്ചാരികളും എത്തുമായിരുന്നു. പതിനാലോളം ആനകളുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ മൂന്ന് താപ്പാനകള്‍ മാത്രമാണുള്ളത്. ഈ കാഴ്ചകളെയെല്ലാം പിന്നിട്ട് മുന്നോട്ട് പോകുന്തോറും കാട്ടുപോത്ത് പോലുള്ള വന്യമൃഗങ്ങളെ ധാരാളം കാണാനായി. ഒടുവില്‍ വനാതിര്‍ത്തിയിലെ അവസാന ചെക്ക് പോസ്റ്റെത്തിയപ്പോള്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന സ്ലിപ്പ് അവിടെ നല്‍കി. പിന്നീട് ഹാന്‍ഡ് പോസ്റ്റിലേക്കുള്ള യാത്ര കൃഷിയിടങ്ങള്‍ക്കരികിലൂടെയാണ്. വരണ്ട കാടുകളില്‍ നിന്നും പച്ചപ്പുകള്‍ നിറഞ്ഞ കൃഷിയിടത്തിലേക്കായി പിന്നെയുള്ള കാഴ്ചകള്‍. ചോളവും കരിമ്പും ഇഞ്ചിയും എല്ലാം വിളയുന്ന കൃഷിയിടങ്ങളാണ് ഇവിടെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നത്. ഓരോ കാലത്തും വിളകള്‍ മാറി മാറി കൃഷി ചെയ്യുന്ന നിലങ്ങള്‍ പലതും മലയാളികളായ കര്‍ഷകര്‍ പാട്ടത്തിനെടുത്തതാണ്. കബനിയില്‍ ഒരു ബോട്ടുയാത്ര വനാതിര്‍ത്തിയിലെ പാതയില്‍ നിന്നും വലത്തോട്ട് മണ്‍ റോഡിറങ്ങിയാല്‍ കബനിക്കരയായി. ബീച്ചനഹള്ളിയുടെ മനോഹരമായ വൃഷ്ടി പ്രദേശമാണിത്. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഈ ജലാശയം വശ്യ മനോഹരതീരമാണ്. കുറച്ച് കാലം വരെയും ഇവിടെ മറുകര കടക്കാന്‍ കൊട്ടത്തോണികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ മറുകരയിലുളളവര്‍ സൊസൈറ്റി രൂപീകരിച്ച് രണ്ടു ബോട്ടുകള്‍ വാങ്ങി. ഈ യാത്രാ ബോട്ടില്‍ ഇരുപത് രൂപ കൊടുത്താല്‍ ബീച്ചനഹള്ളി അണക്കെട്ട് വന്നതോടെ ഒറ്റപ്പെട്ട തുരുത്തില്‍ എത്തിപ്പെടാം. ഏകദേശം നാനൂറോളം പേര്‍ അധിവസിക്കുന്ന ഈ കരയിലെ പുറത്തേക്കുള്ള ഏക യാത്രാ മാര്‍ഗ്ഗമാണ് ഈ ബോട്ടു സര്‍വീസ്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ ചെലവില്‍ ബോട്ടു യാത്ര ചെയ്യാനുള്ള അവസരം കൂടിയാണിത്. പതിവ് ട്രിപ്പുകളുടെ ഇടവേളകളില്‍ അധികം തുക നല്‍കിയാല്‍ സ്പീഡ് ബോട്ടില്‍ പ്രത്യേക സര്‍വീസും ഇവര്‍ സഞ്ചാരികള്‍ക്കായി നടത്തും. ഒട്ടനവധി റിസോര്‍ട്ടുകളുടെയും തീരമാണിത്. നിരവധി പാക്കേജുകളില്‍ വിദേശ വിനോദ സഞ്ചാരികളടക്കം ഇവിടെ മുടങ്ങാതെ എത്താറുണ്ട്.അണക്കെട്ടില്‍ നിന്നും പിടിക്കുന്ന മത്സ്യ വില്‍പ്പനയും ഈ തീരത്ത് പതിവാണ്. വണ്‍ഡേ ട്രിപ്പായതിനാല്‍ തിരിച്ചുപോകാന്‍ ഇനി അധികം സമയമില്ല. വൈകീട്ട് ആറോടെ ചെക്ക് പോസ്റ്റില്‍ രണ്ടിടത്തും ഗെയിറ്റ് അടയ്ക്കും. ഈ കാട് പിന്നിടണമെങ്കില്‍ ഒരു മണിക്കൂറെങ്കിലും സമയം വേണം. ഇതിനായുള്ള ക്രമീകരണങ്ങള്‍ മനസ്സില്‍ വേണം. വൈകുന്നേരമായതിനാല്‍ മാനടക്കമുള്ള വന്യജീവികളെ പാതയോരത്ത് കാണാം. കാഴ്ചകളുടെ വിരുന്നില്‍ നിന്നും തിരികെ ആറോടെ ഗെയിറ്റ് കടന്ന് കേരളത്തിലെ ബാവലിയിലേക്ക് പ്രവേശിച്ചു. ഭക്ഷണത്തിനും റിഫ്രഷനും ഈ അങ്ങാടി തന്നെയാണ് ആശ്രയം. ഇനി മാനന്തവാടിയിലേക്കുള്ള വഴിയില്‍ കാട്ടിക്കുളം വരെയും വനഭാഗമാണ്. നേരം ഇരുട്ടി തുടങ്ങുന്നു. ഇനിയുള്ള യാത്ര സൂക്ഷിച്ചായിരിക്കണം. കാട്ടാനകളുടെ വിഹാരഭൂമികയില്‍ നിന്നും കാട്ടിക്കുളം അങ്ങാടി പ്രകാശം വിതറി തെളിഞ്ഞു വന്നപ്പോള്‍ കാടും ഗ്രാമങ്ങളും തൊട്ടറിഞ്ഞ ഒരു വണ്‍ ഡേ ട്രിപ്പിന്റെ ത്രില്ലിലായിരുന്നു എല്ലാവരും. വണ്‍ സ്റ്റോപ്പ് യാത്രകള്‍ക്ക് പകരം വ്യത്യസ്ത അനുഭവങ്ങള്‍ അടരുന്ന രണ്ടു സംസ്ഥാന അതിര്‍ത്തികളിലൂടെയുള്ള സഞ്ചാര വഴികള്‍ നല്‍കുന്നത് വേറിട്ടൊരു യാത്രാനുഭവമാണ്.