ഒരു നിമിഷം, കണ്‍മുന്നിലുയര്‍ന്നത് മഞ്ഞ് മലയോ, അതോ… ?

എറസ് ബീറ്റസും സംഘാംഗങ്ങളും ടോംഗയിലെ ഹാപായി തീരത്ത് നീന്തുന്നതിനിടെ പെട്ടെന്ന് തൊട്ടടുത്ത് നിന്ന് കടല്‍വെള്ളം ഉയര്‍ന്ന് പൊങ്ങി. തുടര്‍ന്ന് കടലില്‍ നിന്ന് ഉയര്‍ന്ന് നിന്ന ജീവിയുടെ വിശ്വരൂപം കടല്‍വെള്ളത്തിന് പുറത്ത് കണ്ടപ്പോള്‍ ഒരു നിമിഷത്തേക്ക് എറസ് ബീറ്റസും സംഘവും അക്ഷരാര്‍ത്ഥത്തില്‍ വാ പൊളിച്ചു. പെട്ടെന്ന് തന്നെ ബോധത്തിലേക്കെത്തിയ എറസ് തിരിച്ചറിഞ്ഞു, തന്നോടൊപ്പം കടലിലില്‍ ഉയര്‍ന്ന് പൊങ്ങിയത് മറ്റാരുമല്ല, ഹംപ് ബാക്ക് തിമിംഗലമാണ്. ഫ്രീ ഡൈവിങ്ങ് പഠന കേന്ദ്രം നടത്തുന്നയാളാണ് ഓസ്ട്രേലിയക്കാരനായ എറസ് ബീറ്റ്സ്. അതോടൊപ്പം ആഴക്കടലിന്‍റ ചിത്രങ്ങളെടുക്കുന്നതില്‍ വിദഗ്ദനുമാണ് എറസ്. എറസും സംഘവും ഫ്രീഡൈവിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് ടോംഗയിലെ തീരത്തെത്തിയത്. ടോംഗയുടെ തീരത്ത് നീന്തുന്നതിനിടെയാണ് ഹംപ്ബാക്ക് തിമിംഗല കുടുംബത്തെ കണ്ടെത്തുന്നത്. സംഘത്തോടൊപ്പം കുറച്ച് നേരം തിമിംഗലകുഞ്ഞും അമ്മയും നീന്തിത്തുടിച്ചു. നല്ലൊരു ചിത്രത്തിനായി സംഘം കാത്തിരുന്നു. നീന്തുന്നതിനിടയിലെപ്പോഴും അമ്മയ്ക്ക് സമീപത്ത് നിന്ന് മാറാതിരുന്ന തിമിംഗല കുഞ്ഞ് ഇടയ്ക്ക് ശ്വാസമെടുക്കാനായി കടലിന് മുകളിലേക്ക് പൊങ്ങി. അവിശ്വസനീയമായിരുന്നു ആ കാഴ്ചയെന്നാണ് എറസ് പിന്നീട് പറഞ്ഞത്. സമുദ്രനിരപ്പിന് മുകളിലേക്ക് ഉയര്‍ന്ന കുഞ്ഞിന് അഞ്ച് മീറ്റർ നീളവും നാല് ടൺ ഭാരവും ഉണ്ട്. ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ കാഴ്ചാണ് ടോഗാ കടല്‍ത്തീരം സമ്മാനിച്ചതെന്നും ഒരു നിമിഷം കണ്‍മുന്നില്‍ സംഭവിച്ചതെന്ന് മറന്ന് സ്ഥലകാലബോധം നഷ്ടപ്പെട്ടതായും എറസ് പിന്നീട് പറഞ്ഞു. ഹം‌പ്ബാക്ക് തിമിംഗല വേട്ട നിരോധിച്ചതിനാല്‍ ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിലെ അപകടസാധ്യതയിൽ ഹം‌പ്ബാക്ക് പുറത്ത് വന്നുതുടങ്ങിയതായി കണക്കുകള്‍ പറയുന്നു.