വണ്‍ഡേ ട്രിപ്പാണോ മനസില്‍? കേരളത്തിന് പുറത്ത് ഇതാ ഒരടിപൊളി സ്ഥലം

തെങ്ങുകളാല്‍ സമൃദ്ധമായതിനാല്‍ കോക്കനട്ട് ദ്വീപെന്നും ഇവിടെ അറിയപ്പെടുന്നു. ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം കൃഷ്ണശിലകളാണ്. ഇന്ത്യയില്‍ ആറ് വശങ്ങളുള്ള കൃഷ്ണശിലകള്‍ ഉള്ളതും ഇവിടെയത്രേ. താത്പര്യം കേരളത്തിന് പുറത്താണ്. കയ്യില്‍ ഒറ്റ ദിവസമേയുള്ളൂ. കണ്‍കുളിര്‍ക്കെ കണ്ട് മതിമറന്നാസ്വദിക്കണം. ശുദ്ധവായുവും ശ്വസിച്ച് ശാന്തമായി അങ്ങനെ അല്‍പ്പനേരം നടക്കണം. അങ്ങനെ ഏതെങ്കിലും സ്ഥലമുണ്ടോ എന്ന അന്വേഷണത്തിനൊടുവിലാണ് കര്‍ണാടകയിലെ ഉഡുപ്പിയ്ക്കടുത്ത മാല്‍പേ ബീച്ചിനേക്കുറിച്ചും സെന്റ് മേരീസ് ദ്വീപിനേക്കുറിച്ചും അറിയാനിടവരുന്നത്. നേരത്തെ അവിടെ പോയിരുന്ന ഒന്നുരണ്ട് പേരോട് ചോദിച്ചും ഗൂഗിള്‍ ചെയ്ത് നോക്കിയും സ്ഥലത്തേക്കുറിച്ച് ഏകദേശധാരണയുണ്ടാക്കി യാത്ര ചെയ്യാനുറച്ചു. തിങ്കളാഴ്ചയാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. വൈകിട്ട് 5.25 ന് കോഴിക്കോട്ടെത്തിയ മഡ്ഗാവ് എക്‌സ്പ്രസില്‍ കയറി. രാത്രി 11.34 ആയപ്പോള്‍ ഉഡുപ്പിയെത്തി. മുറി നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നതിനാല്‍ താമസം അന്വേഷിച്ച് അലയേണ്ടി വന്നില്ല. രാവിലെ 9 മണിക്കാണ് മാല്‍പെയില്‍ നിന്നും ആദ്യ ബോട്ട് സെന്റ് മേരീസ് ദ്വീപിലേക്ക് പോകുന്നത്. വിവരം ഹോട്ടലില്‍ നിന്ന് തലേന്ന് തന്നെ അറിയാന്‍ സാധിച്ചതിനാല്‍ എട്ടരയായപ്പോഴേക്കും മാല്‍പെ ബീച്ചിലെത്തി. ദ്വീപിലേക്ക് പോകുന്നത് ബോട്ടിലാണ്. യാത്രയ്ക്ക് 30 പേരായിക്കഴിഞ്ഞാല്‍ മാത്രമേ ടിക്കറ്റും കൊടുക്കൂ, ബോട്ടും തിരിക്കൂ. 250 രൂപയാണ് മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ്. കുട്ടികള്‍ക്ക് 150 രൂപയും. പ്രധാന റോഡില്‍ നിന്ന് മാല്‍പേ ബീച്ചിലേക്ക് തിരിയുന്നിടം മുതല്‍ കടലിന്റെ കാഴ്ചകളാണ്. റോഡിന് ഇടതുഭാഗത്ത് വലുതും ചെറുതുമായ ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നു. അവയുടെ മുകള്‍ത്തട്ടിലെ പല നിറങ്ങളിലുള്ള കൊടികള്‍ കാറ്റില്‍ പറക്കുന്നതുകാണാന്‍ പ്രത്യേക ചന്തമാണ്. ടിക്കറ്റ് കൗണ്ടറിന് സമീപം ഒന്ന് രണ്ട് ചെറിയ കടകളുണ്ട്. ഭക്ഷണ സാധനങ്ങളും വെള്ളവും ചിപ്പിത്തോടുകൊണ്ടുള്ള തോരണങ്ങളുമൊക്കെയാണ് വില്‍പ്പന വസ്തുക്കള്‍. ബീച്ചില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പുലിമുട്ടിലൂടെ ബോട്ട് വരുന്ന സമയം വരെ ഒന്ന് നടക്കാം. ഒമ്പത് മണിക്ക് തന്നെ ആദ്യബോട്ട് പുറപ്പെട്ടു. എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ ഗാനങ്ങള്‍ ബോട്ടിനകം നിറച്ചു. അല്‍പ്പം ദൂരം ചെന്നാല്‍ത്തന്നെ സെന്റ് മേരീസ് ദ്വീപ് അകലെയായി കാണാം. ഇടയ്‌ക്കൊരു പാറക്കൂട്ടം കണ്ടു. കറുത്ത പാറയ്ക്ക് മേല്‍ അലങ്കാരപ്പണികള്‍ ചെയ്തപോലെ വെളുത്ത കടല്‍പ്പക്ഷികള്‍ വിശ്രമിക്കുന്നു. ദ്വീപിലേക്കെത്താന്‍ ഏതാനും ദൂരം മാത്രമുള്ളപ്പോള്‍ ബോട്ട് നിര്‍ത്തി. ഇനി യാത്രക്കാര്‍ മറ്റൊരു ചെറുബോട്ടിലേക്ക് കയറണം. ഏതാണ്ട് നാല്‍പ്പത്തഞ്ച് മിനിറ്റുകൊണ്ടാണ് ദ്വീപിലെത്തിയത്. രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. കയ്യില്‍ ബാഗുണ്ടെങ്കില്‍ പുറത്ത് സൂക്ഷിക്കാനേല്‍പ്പിക്കണം. അതിന് വേറെ ചാര്‍ജുണ്ട്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധിത മേഖലയാണ് ദ്വീപ് എന്നതാണ് രണ്ടാമത്തെ കാര്യം. വെള്ളം കൊണ്ടുവരുന്ന കുപ്പികള്‍ക്കും ഇങ്ങോട്ട് പ്രവേശനമില്ല. അതുകൊണ്ട് തന്നെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് യാത്രികരെ ദ്വീപിനകത്തേക്ക് കയറ്റിവിടുന്നത്. 1498-ല്‍ പോര്‍ച്ചുഗലില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌കോ ഡ ഗാമയാണ് ദ്വീപിന് ഈ പേരിടുന്നത്. തെങ്ങുകളാല്‍ സമൃദ്ധമായതിനാല്‍ കോക്കനട്ട് ദ്വീപെന്നും ഇവിടെ അറിയപ്പെടുന്നു. ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം കൃഷ്ണശിലകളാണ്. ഇന്ത്യയില്‍ ആറ് വശങ്ങളുള്ള കൃഷ്ണശിലകള്‍ ഉള്ളതും ഇവിടെയത്രേ. ബീച്ചിന്റെ പലഭാഗങ്ങളിലായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരയായി നിലകൊള്ളുന്ന പല വലിപ്പത്തിലുള്ള കൃഷ്ണശിലകള്‍ക്കുമേല്‍ ചെറുതിരമാലകള്‍ മുട്ടിയുരുമ്മുന്നു. ഒന്ന് കയറി ഇരിക്കാന്‍ തോന്നുന്ന ആകൃതിയിലാണ് ശിലകള്‍. കടലിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഭാഗങ്ങളിലെ മണല്‍ത്തരികള്‍ക്ക് എന്തോ പ്രത്യേകതയുള്ളതുപോലെ തോന്നി. പരിശോധിച്ചപ്പോഴാണ് അത് പൊടിഞ്ഞ ചെറുശംഖുകളും ചിപ്പിത്തോടുകളുമാണെന്ന് മനസിലായത്. നല്ല ഇളംപച്ച നിറമാണ് കടലിന്. സൂക്ഷിച്ച് നോക്കിയാല്‍ അടിത്തട്ട് കാണാം. അത്രയ്ക്ക് തെളിമ. പേരിന് പോലും മാലിന്യം കാണാനില്ല. കടലിലൂടെയുള്ള സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള വിനോദങ്ങളും ദ്വീപിലുണ്ട്. നാല് മണിവരെ ദ്വീപില്‍ ചെലവിടാം. ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാതെയുള്ള യാത്രയാണ് താത്പര്യമെങ്കില്‍ ഞായറാഴ്ചകളില്‍ പുലര്‍ച്ചെ 12.20 ന് കോഴിക്കോട്ടെത്തുന്ന കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ വീക്ക്‌ലി എക്‌സ്പ്രസ്, തിങ്കളാഴ്ചകളില്‍ മാത്രമുള്ള മരുസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി ഭാവ്‌നഗര്‍ ടെര്‍മിനസ് എക്‌സ്പ്രസ്, ബുധനാഴ്ചകളില്‍ മാത്രമുള്ള നാഗര്‍കോവില്‍ ഗാന്ധിഗ്രാം എക്‌സ്പ്രസ് എന്നിവ തിരഞ്ഞെടുക്കാം. ഈ നാല് തീവണ്ടികളും രാവിലെ 6.20 ആവുമ്പോഴേക്കും ഉഡുപ്പിയെത്തും. ജനറല്‍ ടിക്കറ്റെടുക്കുകയാണെങ്കില്‍ 120 രൂപയാണ് കോഴിക്കോട് നിന്ന് ഉഡുപ്പിയിലേക്കുള്ള ചാര്‍ജ്. റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറില്‍ 80 രൂപ അടച്ചാല്‍ ഓട്ടോയില്‍ ബസ് സ്റ്റാന്‍ഡിലെത്തിക്കും. അല്ലെങ്കില്‍ നടന്ന് മെയിന്‍ റോഡിലെത്തിയാല്‍ ബസ് കിട്ടും സ്റ്റാന്‍ഡിലേക്ക്. 8 രൂപയേയുള്ളൂ ചാര്‍ജ്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് മാള്‍പേയിലേക്ക് 10 രൂപ കൊടുത്താല്‍ മതി.