പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ച, സന്ദര്‍ശകര്‍ ഇരുപതിനായിരത്തിലേറെ… ശ്രദ്ധേയമായി മാംഗ്രൂവ് പാര്‍ക്ക്

അബുദാബി: കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ നടന്ന് പ്രകൃതിയെ ആസ്വദിക്കുകയാണിപ്പോള്‍ അബുദാബിയില്‍ ആയിരങ്ങള്‍. പുതിയതായി തുറന്ന് കൊടുത്ത ജുബൈല്‍ മാംഗ്രൂവ് പാര്‍ക്കിലാണ് പുതുമതേടി ആളുകള്‍ എത്തുന്നത്.

നഗരത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ മരപ്പാലത്തിലൂടെ ആളുകള്‍ക്ക് കാഴ്ച കണ്ട് നടക്കാം. 1,20,000 ചതുരശ്രയടി വലിപ്പമുള്ള പാര്‍ക്കില്‍ കിളികളുടെയും കണ്ടല്‍ച്ചില്ലകളില്‍ തട്ടിയെത്തുന്ന കടല്‍ക്കാറ്റിന്റെയും ശബ്ദമാണ് പ്രധാനമായും കേള്‍ക്കാനാവുക.

പലവിധ പക്ഷികളുടെയും ജലജീവികളുടെയും സ്വാഭാവിക വാസസ്ഥലമായ ഇവിടെ അവയുടെ സ്വച്ഛമായ സഞ്ചാരത്തിന് ഒരു കോട്ടവും തട്ടാത്ത വിധത്തിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറുമീനുകളും ഞണ്ടുകളും പാലത്തിന്റെ കീഴിലും പലതരം പക്ഷികള്‍ കണ്ടല്‍ച്ചില്ലകളിലും സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. വാരാന്ത്യങ്ങളില്‍ നഗര തിരക്കില്‍നിന്ന് മാറി പച്ചപ്പും പ്രകൃതിയും ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് പുറമെ പ്രഭാതനടത്തത്തിനും ആളുകള്‍ പാര്‍ക്ക് ഉപയോഗപ്പെടുത്തിത്തുടങ്ങി. പ്രവര്‍ത്തനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇരുപതിനായിരത്തോളം സന്ദര്‍ശകരെയാണ് പാര്‍ക്ക് വരവേല്‍ക്കുന്നത്.

ഫ്‌ളമിംഗോകള്‍, പലതരം കൊക്കുകള്‍, പരുന്തുകള്‍, ഞണ്ടുപിടിയന്‍ പറവകള്‍, കടല്‍ക്കാക്കകള്‍, കുരുവികള്‍ തുടങ്ങി 88 ഇനം പക്ഷികളും മില്‍ക്ക് ഫിഷ്, വെള്ളി മുള്ളന്‍ അടക്കമുള്ള നിരവധി മീനുകളും 13 തരത്തിലുള്ള ഞണ്ടുകളും ഇവിടെയുണ്ട്. അബുദാബി സാദിയാത് ഐലന്റ് കഴിഞ്ഞാല്‍ ജുബൈല്‍ മാംഗ്രൂവ് പാര്‍ക്കിലേക്കുള്ള വഴി കാണാം. ഇപ്പോള്‍ 165 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.

പാര്‍ക്കിനുള്ളിലെ നടപ്പാലങ്ങളില്‍ ഭക്ഷണം കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറര വരെയാണ് സന്ദര്‍ശന സമയം. എന്നാല്‍ ആറുമണിക്ക് ശേഷം മരപ്പാലങ്ങളില്‍ പ്രവേശനമില്ല. പ്രവേശനം സൗജന്യമാണ്.