സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ അടുത്തേക്കെത്തുന്നു

ഭൂമിയെ ലക്ഷ്യമാക്കി വമ്പന്‍ ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ. നാസയുടെ സിഎന്‍ഇഒഎസ് വിഭാഗമാണ് അപകടകരമായ രീതിയില്‍ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന വിവരം സ്ഥിരീകരിച്ചത്. ഫെബ്രുവരി 15 രാവിലെ 6.05മണിയോടെ ഇത് ഭൂമിയുടെ ഭ്രമണപാതയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹം നീങ്ങുന്നതെന്നാണ് നാസയുടെ കണ്ടെത്തല്‍. മണിക്കൂറില്‍ 54717 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നാണ് നാസ സൂചിപ്പിക്കുന്നത്. ഭൂമിയുടെ 58 ലക്ഷം കിലോമീറ്റര്‍ അകലത്തിലാവും ആ ഛിന്നഗ്രഹം സഞ്ചരിക്കുകയെന്നാണ് കണക്കുകൂട്ടല്‍. ഏതെങ്കിലും സാഹചര്യത്തില്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ ഭൂമിയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നാണ് നാസ വിശദമാക്കുന്നത്. വംശനാശവും ആണവ സ്ഫോടനങ്ങളടക്കമുള്ളവ സംഭവിക്കാനുള്ള സാധ്യകള്‍ ഏറെയാണെന്നും നാസ വ്യക്തമാക്കി. എന്നാല്‍ സാധാരണ ഗതിയില്‍ അസാമാന്യ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ അടുത്തേക്ക് അപകടകരമായ രീതിയില്‍ എത്താനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ ഗ്രഹങ്ങള്‍ തമ്മിലുളള ആകര്‍ഷണ ബലം നിമിത്തം ഇത് ഭൂമിയുടെ ഭ്രമണപാതയില്‍ എത്താനും എതില്‍ ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ട്. ഇത് ഭാവിയില്‍ അപകടകരമായ രീതിയിലുള്ള കൂട്ടിയിടികള്‍ക്ക് കാരണമായേക്കാം. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഇത്. ഭൂമിയും ചൊവ്വ ഗ്രഹവും ഏറ്റവും അടുത്ത് വരുമ്പോള്‍ ഉള്ളതിനേക്കാള്‍ കുറവ് ദൂരത്തിലാണ് ഈ ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് കൂടി പോവുക.