വിമാനം ഇല്ലെന്ന് എംബസി, എന്തു വേണം എന്നറിയാതെ ഫിലിപ്പീൻസിലെ മലയാളികൾ

മനില: കൊവി‍ഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പീൻസിലെ മനിലയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ കാമ്പസുകളിൽ തിരികെ എത്തിക്കാൻ സംവിധാനം ഒരുക്കാമെന്ന് ഫിലിപ്പിയൻസിലെ ഇന്ത്യൻ എംബസി. അതേ സമയം വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക വിമാനം ഒരുക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശം കിട്ടിയില്ലെന്നും എംബസി വ്യക്തമാക്കി. ഇതോടെ വിദ്യാർത്ഥികൾക്ക് ഉടനെ നാട്ടിലേക്ക് എത്താൻ സാധിക്കില്ലെന്നത് വ്യക്തമായി.

മനിലയിലെ പെർപ്പെച്ച്വൽ യൂണിവേഴ്‌സിറ്റിയിലെ മലയാളികളടക്കമുള്ള 400-ഓളം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. രാജ്യത്ത് വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പീൻസ് സർക്കാർ വിമാനസർവീസുകൾ റദ്ദാക്കിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. വിമാനത്താവളം അടച്ചിട്ടും ഒരു സംഘം മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവർ അവിടെ തുടരുകയായിരുന്നു. എന്നാൽ ഇവരെ ഇപ്പോൾ വിമാനത്താവളത്തിന് അകത്തു നിന്നും പുറത്താക്കിയെന്നാണ് വിവരം. വിദ്യാർത്ഥികളെല്ലാം ഇപ്പോൾ പ്രവേശന ഗേറ്റിന് സമീപം കുത്തിയിരിക്കുകയാണ്. നാട്ടിലേക്ക് വരാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരിൽ പലരും തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയിലാണ്.