കൊറോണ: ഗർഭത്തിന്റെ അവസാനനാളുകളിൽ കുഞ്ഞിലേക്ക് പകരില്ല

ബെയ്ജിങ്: ചൈനയിൽ പടരുന്ന 2019 നോവൽ കൊറോണ വൈറസ് (കോവിഡ്-19) ഗർഭാവസ്ഥയുടെ അവസാനനാളുകളിൽ കുഞ്ഞിലേക്ക് പകരാൻ സാധ്യത കുറവെന്ന് പഠനം. കുഞ്ഞിന് അത് കാര്യമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ലെന്ന പഠനം ‘ലാൻസറ്റ് ജേണലാ’ണ് പ്രസിദ്ധീകരിച്ചത്. ഗർഭത്തിന്റെ അവസാനനാളുകളിൽ വൈറസ് ബാധയേറ്റ വുഹാൻ സ്വദേശിനി അടക്കമുള്ളവരെ നിരീക്ഷിച്ചാണ് പുതിയ കണ്ടെത്തൽ. ഇവർ പ്രസവിച്ച കുഞ്ഞിന് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. ‘‘കൊറോണ ബാധയുടെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഗർഭിണികളിലും മറ്റുള്ളവരിലും ഒരുപോലെയാണ് കണ്ടത്. നിരീക്ഷിച്ച സ്ത്രീകളിലൊരാൾക്കുംതന്നെ ന്യൂമോണിയ ഗുരുതരാവസ്ഥയിലെത്തുകയോ മരിക്കുകയോ ഉണ്ടായില്ല. കുറഞ്ഞസമയംകൊണ്ട് കുറച്ചുകേസുകൾമാത്രം പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നും’ ഗവേഷകർ പറഞ്ഞു. ഗർഭത്തിന്റെ അവസാനനാളുകളിൽ വൈറസ് ബാധിച്ചവരെമാത്രമേ ഇതിനായി നിരീക്ഷിച്ചിട്ടുള്ളൂ. ശസ്ത്രക്രിയയിലൂടെയാണ് അവർ കുഞ്ഞിന് ജന്മം നൽകിയത്. ഗർഭത്തിന്റെ ആദ്യനാളുകളിലും സാധാരണ പ്രസവത്തിലൂടെയും അമ്മയിൽനിന്ന് കുഞ്ഞിലേക്ക് പടരുമോ എന്നത്‌ ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു. ഇത്തരത്തിലുള്ള നവജാതരെ പകർച്ചവ്യാധി പകരാൻ ഇടനൽകാതെ പ്രത്യേകം കരുതലോടെ പരിചരിക്കണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ വുഹാനിലെ ഷൊങ്നൻ ആശുപത്രിയിലെ പ്രൊഫസർ യ്വാൻഷെൻ ഷാങ് പറഞ്ഞു.