ചൂടന്‍ രതീഷും ബീഫും

ചൂടന്‍ രതീഷും ബീഫും പോരട്ടെ..’കടുക് വറുത്തിട്ടപോലെ പൊട്ടലും ചീറ്റലുമുയരുന്ന ഹോട്ടല്‍ ബഹളത്തിനിടയില്‍നിന്ന് ഇങ്ങനെയൊരു ‘ഓര്‍ഡര്‍’ കേട്ടാല്‍ അമ്പരക്കേണ്ട. ഇതിവിടെ പതിവാണെന്ന് കൂട്ടിക്കോളൂ. രതീഷും ബീഫും കൂട്ടിയൊരു പിടുത്തം ഭക്ഷണപ്രേമികള്‍ക്ക് ‘ക്ഷ’ പിടിച്ച മട്ടാണ്. ഇനി ആരാണീ രതീഷ് എന്നല്ലേ. നമ്മുടെ പാവം പഴംപൊരിക്ക് തീറ്റപ്രാന്തന്‍മാരിട്ട ഓമനപ്പേരാണ് രതീഷ്. സാമൂഹികമാധ്യമങ്ങളിലും ട്രോളുകളിലും കാണാം പഴംപൊരിയുടെ ഇരട്ടപ്പേര്. (കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പഴംപൊരിയെ ‘രതീഷ്’ എന്ന് ഓമനിച്ച് വിളിച്ചുതുടങ്ങിയതില്‍പിന്നെയാണ് ഈ പേര് ജനകീയമായതെന്ന് വിദഗ്ധമതം). പഴംപൊരി ബീഫ് കറിയോടൊപ്പമോ ബീഫ് വരട്ടിയതിനൊപ്പമോ കഴിക്കുന്നതാണിപ്പോഴത്തെ ‘ട്രെന്‍ഡ്’. അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് ഈ രസക്കൂട്ടിലെ പഴംപൊരിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പരസ്പരം പൊരുത്തപ്പെടാത്ത രണ്ട് കാര്യങ്ങളെ നാം വിശേഷിപ്പിക്കാറ് ‘ഹല്‍വയും മത്തിക്കറിയും’ എന്ന് പറഞ്ഞാണ്. ഇന്ന് ഹല്‍വയും മത്തിക്കറിയും കുഴച്ചുതിന്നാനും ആളുണ്ടെന്നതാണ് പരമാര്‍ഥം. ‘മോരും മുതിരയും’ പോലുള്ള വിരുദ്ധാഹാരങ്ങള്‍ വര്‍ജിക്കുക എന്ന ശീലംപോലും തെറ്റിത്തുടങ്ങിയിരിക്കുന്നു. ദിനംതോറും മാറിമറിയുകയാണ് മലയാളിയുടെ ഭക്ഷണശീലങ്ങള്‍. സമീപകാലം വരെ കുഴിമന്തി ഉള്‍പ്പെടെയുള്ള അറേബ്യന്‍ വിഭവങ്ങളുടെ പിറകെയായിരുന്നു മലയാളിയെങ്കില്‍ ഇന്ന് പാരമ്പര്യവും പുതുമയും സമാസമം ചേര്‍ത്തുള്ള വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. രതീഷിനുപുറമെ ചട്ടിച്ചോറ്, കൊത്തുപൊറോട്ട, കിഴിപൊറോട്ട, ബീഫ് ഇടിച്ചുലര്‍ത്തിയത്, കുടുക്കയില്‍ തയ്യാറാക്കുന്ന കുടുക്കാച്ചി ബിരിയാണി, കിഴി ബിരിയാണി, കളിമണ്ണില്‍ പൊതിഞ്ഞ് തീയില്‍ ചുട്ടെടുക്കുന്ന മഡ് ചിക്കന്‍ തുടങ്ങി നിരവധി കിടിലന്‍ വിഭവങ്ങള്‍ മെനുവില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. സ്വാദില്‍ മാത്രമല്ല, പേരിലുമുണ്ട് വൈചിത്ര്യങ്ങളും കൗതുകങ്ങളും. ഫിഷ് തവ ഫ്രൈ, ഓയിസ്റ്റര്‍ ചിക്കന്‍, ക്രാബ് ലോലിപോപ്പ്, ഓയിസ്റ്റര്‍ ചിക്കന്‍ ഫ്രൈഡ് റൈസ് പട്ടിക അനന്തമാണ്..