ചർമത്തിന് തിളക്കം, മുടിക്ക് കരുത്ത്; സൗന്ദര്യ കലവറയാണ് വാള്‍നട്ട്!

ദിവസും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്ന ചൊല്ല് നമുക്ക് സുപരിചിതമാണ്. ആരോഗ്യ സംരക്ഷണത്തിന് ആപ്പിൾ എന്ന പോലെ സൗന്ദര്യ സംരക്ഷണത്തിന് ആശ്രയിക്കാവുന്ന ഒന്നാണ് വാള്‍നട്ട്. നിരവധി സ്ത്രീകളുടെ വാനിറ്റി ബാഗിലെ സ്ഥിരം സാന്നിധ്യമാണ് വാള്‍നട്ട് സ്ക്രബ്ബ്‌. ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും മൃദുലത നൽകാനും വാള്‍നട്ട് സ്‌ക്രബ്ബിനുള്ള കഴിവ് അപാരമാണ്. ഇതിനാൽ നിരവധി സൗന്ദര്യവർധക വസ്തുക്കളിൽ വാൽനട്ടിന്റെ സാന്നിധ്യമുണ്ട്. സ്ഥിരമായി വാള്‍നട്ട് കഴിക്കുന്നത് തലമുടി വളരുന്നതിനും സുഖനിദ്രയ്ക്കും സഹായിക്കുന്നതാണ്. വാള്‍നട്ട് എങ്ങനെ സൗന്ദര്യവും ആരോഗ്യവും പ്രദാനം ചെയ്യുന്നുവെന്ന് നോക്കാം. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വാള്‍നട്ട്. ചർമത്തിലെ നിർജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം മൃദുത്വം സമ്മാനിക്കുവാനും വാൽനട്ടിനു കഴിയും. വാൽനട്ടിലെ ആന്റിഓക്സിഡന്റുകൾ കൊളീജൻ ഉൽപാദനം വർധിപ്പിക്കുകയും കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു. കൂടാതെ ചർമത്തിന്റെ തിളക്കം നിലനിർത്തി വാർധക്യത്തിന്റെ ലക്ഷണങ്ങളെ പാടെ അകറ്റുന്നു. ത്വക്കിലെ ചുളിവുകൾ, പ്രായാധിക്യത്താൽ ഉണ്ടാകുന്ന പാടുകൾ എന്നിവയോടൊക്കെ ഗുഡ് ബൈ പറയുവാനായി സ്ഥിരമായി വാള്‍നട്ട് കഴിക്കുകയോ ദിവസേന വാള്‍നട്ട് ഓയിൽ മുഖത്തു പുരട്ടുകയോ ചെയ്യാം. വാൽനട്ടിലുള്ള പദാർത്ഥങ്ങൾ രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു. ഇത് ത്വക്കിനു കൗമാരക്കാലത്തെ പോലെ തിളക്കം നൽകുന്നു. മാത്രമല്ല, ചർമത്തിലെ കോശങ്ങളിലേയ്ക്ക് ഓക്സിജനൊപ്പം പോഷകങ്ങൾ എത്തിക്കുന്നു. ഇത് ചർമത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. അതിനാൽ ദിവസേനെ മൂന്നോ നാലോ വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്. ത്വക്കിലുണ്ടാകുന്ന ചെറു രോഗങ്ങൾക്കും അണുബാധയ്ക്കുമെല്ലാം ഉത്തമമായ പ്രതിവിധിയാണ് വാൽനട്ടിൽ നിന്നും തയ്യാറാക്കുന്ന എണ്ണ. ഫംഗസ് ബാധയെ ചെറുക്കാൻ തക്കതായ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഈ ഓയിൽ സോറിയാസിസ്, വളം കടി, നാവിലുണ്ടാകുന്ന പൂപ്പൽ ബാധ എന്നിവയെയെല്ലാം പ്രതിരോധിക്കുന്ന ഔഷധമായും പ്രവർത്തിക്കും. വാള്‍നട്ട് ഓയിലിൽ വെളുത്തുള്ളി പോലുള്ള സ്വാഭാവിക ഫംഗസ് വിരുദ്ധ വസ്തുക്കൾ കൂടി സംയോജിപ്പിച്ചു ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ത്വക്കിനെ ബാധിക്കുന്ന അണുബാധ ശമിക്കും. വിറ്റാമിൻ E എന്ന ആന്റി ഓക്സിഡന്റിനാൽ സമ്പന്നമാണ് വാള്‍നട്ട്. സൂര്യതാപത്തിൽ നിന്നും ത്വക്കിനെ പ്രതിരോധിക്കാൻ ഇതിനു സാധിക്കും. കൂടാതെ, വാൽനട്ടിലുള്ള ഒമേഗ 3 ഫാറ്റുകൾ കോശങ്ങളെ ശക്തിപ്പെടുത്തുകയും ചർമം വരളാതെ സംരക്ഷിക്കുകയും ചെയ്യും. എല്ലുകൾക്ക് ബലമേകുന്നതിലും വാൽനട്ടിനുള്ള പങ്ക് ചെറുതല്ല. കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഭൂരിപക്ഷം ഉത്പന്നങ്ങളിലെയും ഘടകങ്ങൾ എന്തെന്നു പരിശോധിച്ചാൽ അതിൽ വാള്‍നട്ട് ഉള്ളതായി കാണാം. കറുപ്പ് നിറം നിലനിർത്തി തലമുടി കാന്തിയോടെ കാക്കാൻ വാൽനട്ടിനു സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന് മുടിയെ വേരിൽ നിന്നു തന്നെ ബലപ്പെടുത്താനുള്ള കഴിവുണ്ട്. ദിവസമോ കൃത്യമായ ഇടവേളകളിലോ മുടിയിൽ വാള്‍നട്ട് ഓയിൽ തേച്ചുപിടിപ്പിക്കയോ, കഴിക്കുകയോ ചെയ്യാം. ഇതിലൂടെ കരുത്തുറ്റതും തിളങ്ങുന്നതുമായ മുടി സ്വന്തമാക്കാം.