കുടുംബവുമൊത്ത് കാടിനുള്ളില്‍ താമസിക്കാന്‍ സുരക്ഷിതമായ അഞ്ച് സ്ഥലങ്ങള്‍

ഗവി

ഓര്‍ഡിനറി എന്ന ചലച്ചിത്രത്തിലൂടെ മലയാളികളെ മുഴുവന്‍ ആകര്‍ഷിച്ച സ്ഥലമാണ് ഗവി. പരിസ്ഥിതിപ്രേമികളുടെ ഇഷ്ടസങ്കേതം. പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന ഗവി പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമാണ്. പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി കുമളിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുണ്ട്. ഇതിലുള്ള യാത്ര ഏറെ രസകരമാണ്. വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ നിന്ന് പാസെടുത്ത് സ്വന്തം വാഹനത്തിലും പോകാം. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയില്‍ നിന്നും ജീപ്പ് വിളിച്ചും ഗവിയിലെത്താം. കാട്ടിന് നടുവില്‍ ടെന്റായും അല്ലാതെയും താമസസൗകര്യങ്ങളുണ്ട്. കേരള വനംവികസന കോര്‍പ്പറേഷനാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഒരു ദിവസത്തേക്ക് ഒരു കുടുംബത്തിന് 7000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പാക്കേജുകളാണ് ഗവിയിലുള്ളത്. താമസവും ഭക്ഷണവും ഗൈഡ് ഫീസും ഇതിലുള്‍പ്പെടും. ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://gavi.kfdcecotourism.com/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 04869 – 253270, 9947492399, 8289821306.

നെല്ലിയാമ്പതി

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാനും താമസിക്കാനും പറ്റിയ സ്ഥലമാണ്. പോത്തുണ്ടി ചുരം കയറി നെല്ലിയാമ്പതിയിലെത്താം. പാലക്കാട്ടെ പൊള്ളുന്ന ചൂടൊന്നും നെല്ലിയാമ്പതിക്കാടുകള്‍ക്കുള്ളിലെത്തിയാല്‍ അറിയില്ല. സീതാര്‍കുണ്ടും കേശവന്‍പാറയും മാന്‍പാറ വ്യൂ പോയന്റുകളും സര്‍ക്കാറിന്റെ ഓറഞ്ച് ഫാമുമെല്ലാം കാണേണ്ട കാഴ്ചകളാണ്. എന്നാല്‍ യഥാര്‍ഥ അനുഭവം കാടിനുള്ളിലാണ്. കാടിനുള്ളിലേക്കുള്ള ട്രെക്കിങ്ങും താമസവുമെല്ലാം ഏറെ രസകരമാണ്. താമസിക്കാന്‍ ഒട്ടേറെ സ്വകാര്യ റിസോര്‍ട്ടുകളുണ്ട്. കേരള വനംവികസന കോര്‍പ്പറേഷന്റെ ഗസ്റ്റ് ഹൗസാണ് കാട്ടിനുള്ളിലുള്ളത്. ഭക്ഷണം, താമസം, ട്രെക്കിങ്, ക്യാമ്പ് ഫയര്‍ എന്നിവയടക്കം ലഭിക്കുന്ന പാക്കേജിന് ഒരു ദിവസത്തെ ഒരാള്‍ക്ക് 2000 രൂപയാണ് നിരക്ക്. ജി.എസ്.ടി. കൂടി കൂടുതലായി നല്‍കേണ്ടി വരും. വിശദവിവരങ്ങള്‍ക്ക്: 8289821503, 8289821502.

തെന്‍മല

കുടുംബത്തിനൊപ്പം കാടിന് നടുവില്‍ സുരക്ഷിതമായി താമസിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ തെന്‍മലയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന ഒട്ടേറെ പാക്കേജുകള്‍ നിലവിലുണ്ട്. ട്രെക്കിങ്, സാഹസികവിനോദങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, ചിത്രശലഭ സഫാരി, നക്ഷത്രവനം തുടങ്ങിയ ഒട്ടേറെ രസകരമായ അനുഭവങ്ങള്‍ തെന്‍മലയില്‍ നിന്ന് ലഭിക്കും. കാടിന് നടുവില്‍ താമസിക്കാന്‍ വ്യത്യസ്ത സൗകര്യങ്ങള്‍ തെന്‍മലയിലുണ്ട്. മികച്ച സൗകര്യമുള്ള ടെന്റിലെയും പുഴയോരത്തെയും താമസത്തിന് 1430 രൂപയും കാടിന് നടുവില്‍ ഉയര്‍ത്തിക്കെട്ടിയ ഹട്ടിലെ താമസത്തിന് 840 രൂപയുമാണുള്ളത്. ചിലപ്പോള്‍ ജി.എസ്.ടി. കൂടി കൂടുതലായി നല്‍കേണ്ടി വരും. ഭക്ഷണവും താമസവുമെല്ലാം ആവശ്യാനുസരണം തിരഞ്ഞെടുത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് https://www.thenmalaecotourism.com/index.html എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 0475-2344800, 9496344800.

ശെന്തുരുണി

ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി. ശെന്തുരുണി മരങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ സങ്കേതത്തിന് ആ പേര് ലഭിച്ചത്. കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനവും തെന്‍മല തന്നെയാണ്. തെന്‍മലയില്‍ നിന്ന് വ്യത്യസ്തമായ ചില പാക്കേജുകള്‍ ശെന്തുരുണിയിലുണ്ട്. അതിലേറ്റവും പ്രധാനം സ്ത്രീകള്‍ക്കായുള്ള പ്രത്യേക പാക്കേജുകളാണ്. ട്രെക്കിങ് വിത്ത് പ്രൊട്ടക്ഷനും കാമ്പിങ് വിത്ത് പിങ്ക്‌ പ്രൊട്ടക്ഷനും. ആദ്യത്തേതില്‍ രണ്ടുേപര്‍ക്ക് 1000 രൂപയും പിന്നീട് വരുന്ന ഓരോരുത്തര്‍ക്കും 500 രൂപവീതവുമാണ് ഈടാക്കുക. മൂന്നുമണിക്കൂര്‍ പരിപാടിയില്‍ പരമാവധി 10 പേരാണുണ്ടാകുക. ശെന്തുരുണി ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി. ശെന്തുരുണി മരങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ സങ്കേതത്തിന് ആ പേര് ലഭിച്ചത്. കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനവും തെന്‍മല തന്നെയാണ്. തെന്‍മലയില്‍ നിന്ന് വ്യത്യസ്തമായ ചില പാക്കേജുകള്‍ ശെന്തുരുണിയിലുണ്ട്. അതിലേറ്റവും പ്രധാനം സ്ത്രീകള്‍ക്കായുള്ള പ്രത്യേക പാക്കേജുകളാണ്. ട്രെക്കിങ് വിത്ത് പ്രൊട്ടക്ഷനും കാമ്പിങ് വിത്ത് പിങ്ക്‌ പ്രൊട്ടക്ഷനും. ആദ്യത്തേതില്‍ രണ്ടുേപര്‍ക്ക് 1000 രൂപയും പിന്നീട് വരുന്ന ഓരോരുത്തര്‍ക്കും 500 രൂപവീതവുമാണ് ഈടാക്കുക. മൂന്നുമണിക്കൂര്‍ പരിപാടിയില്‍ പരമാവധി 10 പേരാണുണ്ടാകുക. ഫോണ്‍: 8547602931, 85475 67935

കമ്പമല

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ വയനാട്ടില്‍ ധാരാളം ജംഗിള്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമുണ്ട്. വൈത്തിരിയിലും മേപ്പാടിയിലും തിരുനെല്ലിയിലുമൊക്കെ കാടിന്റെ കുളിരറിഞ്ഞ് താമസിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ തയ്യാറാണ്. മാനന്തവാടിയ്ക്കടുത്ത് തലപ്പുഴയിലെ കമ്പമലയിലെ കാടിനുള്ളില്‍ താമസിക്കാന്‍ കേരള വനവികസന കോര്‍പ്പറേഷന്‍ തന്നെ അവസരമൊരുക്കിയിട്ടുണ്ട്. തലപ്പുഴ 44-ാം മൈലില്‍ നിന്ന് നാലര കിലോമീറ്റര്‍ കിഴക്കാണ് താമസസൗകര്യമുള്ളത്. തലശ്ശേരി വഴി വന്നാല്‍ 70 കിലോമീറ്റര്‍ ദൂരമാണ് ഇങ്ങോട്ടുള്ളത്. ട്രക്കിങ്ങിനുള്ള സൗകര്യങ്ങളുമുണ്ട്. താമസവും ഭക്ഷണവും ഗൈഡ് ഫീസുമെല്ലാമടക്കം ഒരാള്‍ക്ക് 2200 രൂപയുടെ പാക്കേജാണ് ഇവിടെയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04935-246841, 9446594495.