അരുണാചലില്‍ നിന്നൊരു മാക്കാച്ചിക്കാട

മാക്കാച്ചിക്കാട (Frogmouth) എന്ന പക്ഷിയാണ് ചിത്രത്തില്‍ കാണുന്നത്. തട്ടേക്കാട് വനങ്ങളില്‍ കാണുന്ന സിലോണ്‍ ഫ്രോഗ്മൗത്തുമായി സാമ്യമുണ്ട് അരുണാചല്‍പ്രദേശില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തിയ ഈ പക്ഷിക്ക്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലും ബംഗ്ലാദേശിലും ഭൂട്ടാനിലും മ്യാന്‍മറിലും തായ്ലണ്ടിലും ഈ വിഭാഗത്തില്‍പ്പെടുന്ന മാക്കാച്ചിക്കാട (Hodgson’s Frogmouth) ഉണ്ട്. ഇന്ത്യയിലും നേപ്പാളിലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ബ്രയാന്‍ ഹുട്ടണ്‍ ഹോഗ്സണിന്റെ പേരിലാണ് ഈ പക്ഷി അറിയപ്പെടുന്നത്.

മൂങ്ങയുടേതു പോലെയുള്ള മുഖമാണിതിന്. കാഴ്ചയില്‍ രാച്ചുക്ക് ആയി (Nightjar) തെറ്റിദ്ധരിക്കാം. രാത്രികാലങ്ങളില്‍ മാത്രമാണ് സഞ്ചരിക്കുക. പകല്‍ കണ്ടെത്താനേ കഴിഞ്ഞെന്ന് വരില്ല. ചാരനിറമായതിനാല്‍ ഇരിക്കുന്ന കൊമ്പിന്റെ നിറവുമായി ലയിച്ചുചേരുന്ന പക്ഷിയെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്.

ബെംഗളൂരിലെ പ്രമുഖ പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഗുരുരാജ് മൂര്‍ച്ചിങ്ങാണ് പക്ഷിയെ അരുണാചലിലെ ഒരു കുന്നിന്‍ മുകളിലെ മുളങ്കാട്ടില്‍ നിന്നും കണ്ടെത്തിയത്. വംശനാശം നേരിടുന്ന പക്ഷിയാണിത്.

തട്ടേക്കാടുള്ള സിലോണ്‍ ഫ്രോഗ്മൗത്തും ഏതാണ്ട് 60 ജോഡികള്‍ മാത്രമേയുള്ളൂ. പശ്ചിമഘട്ടത്തില്‍ തട്ടേക്കാടാണ് സിലോണ്‍ ഫ്രോഗ് മൗത്ത് കൂടുതലുള്ളത്. പറമ്പിക്കുളത്തും വാഴച്ചാലിലും സൈലന്‍റ് വാലിയിലും കുറച്ചെണ്ണം ഉണ്ട്. ഓസ്ട്രേലിയയിലും ഈ ഇനത്തില്‍പ്പെടുന്ന പക്ഷികളുണ്ട്.